കാലങ്ങൾക്കപ്പുറത്തൊരു കുഞ്ഞു ബാല്യത്തിന്
കഥകൾ പറയാൻ കൊതിയായി.
നാട്ടു മാവിന്റെ മണവും,
മാമ്പൂക്കളുടെ സുഗന്ധവുമുള്ള കഥകൾ കേൾക്കാനായി
വയൽ വരമ്പിലെ മാങ്ങാറിപ്പുല്ലുകളും
തോട്ടു വക്കത്തെ കൈതോലക്കാടുകളും
മൗനം പൂണ്ടു കാത്തിരിപ്പായി.
മഞ്ഞക്കുഞ്ഞിപ്പൂക്കൾ തലയിലേന്തിയ മുക്കുറ്റിച്ചെടികളും
പാതയോരത്തെമ്പാടും വളർന്നു പന്തലിച്ച കുറുന്തോട്ടിക്കാടുകളും
കാതുകൾ കൂർപ്പിച്ചിരിപ്പായി.
മല്ലികപ്പൂക്കളുടെ നറുമണവും
ഇലഞ്ഞിപ്പൂക്കളുടെ കടും മണവും
കൊണ്ടൊരു ഇളം കാറ്റ് വന്ന് അവിടമൊക്കെ ചുറ്റിപ്പറ്റി നിൽപ്പായി.
കറുത്ത കുഞ്ഞിക്കണ്ണുമായൊരു ചുവന്ന കുന്നിമണിയാവട്ടെ
നിലം പറ്റി കാത്ത് കിടപ്പായി.
ഉച്ചക്കാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കാടിനുള്ളിലെ കുളക്കോഴികളും
പതിഞ്ഞ കാലടി ശബ്ദങ്ങളുമായി
അക്ഷമയോടെ ഉലാത്തിത്തുടങ്ങി.
ഇലത്തുമ്പിനുള്ളിൽ കറുത്ത വിത്തുമണികൾ ഒളിപ്പിച്ച് വെച്ച
അസർമുല്ലപ്പൂവുകൾ വിരിയാൻ മറന്ന് വിസ്മയം പൂണ്ടു നിൽപ്പായി.
ഇടക്കെപ്പോഴോ കേറി വന്ന കൗമാരസ്വപ്നങ്ങൾ
ബാല്യത്തോട് കൂട്ടുകൂടാൻ നോക്കിയതും,
പൊടുന്നനെയെന്നോണം കാലവും മാറി! കഥയും മാറി!
പാതിവഴിയിൽ യാത്ര മതിയാക്കേണ്ടി വന്ന ബാല്യമാകട്ടെ
മുഴുമിപ്പിക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ കാവൽക്കാരിയായി മാറി.
വൈകാതൊരു നാൾ
കഥകളുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച ബാല്യം
കൗമാര സ്വപ്നങ്ങളുടെ ചിറകിലേറി
പെയ്യാനൊരുങ്ങുന്ന മേഘങ്ങൾക്കു മുകളിലൂടെ...
സങ്കടങ്ങളുടെ നീലാകാശങ്ങളും താണ്ടി..ഏഴാം കടലിനക്കരെക്ക് പറന്നു
പറന്നങ്ങു പോയി.
സഹീല നാലകത്ത്