Malayalam Poem : Ninne vayikkumpzhellam
മലയാളം കവിത : നിന്നെ വായിക്കുമ്പോഴെല്ലാം
Lafz : Raseena KP
Voice : Shibili Hameed
-------------------------
നിന്നെ വായിക്കുമ്പോഴെല്ലാം
ഒരു ദേശാടനപ്പക്ഷിയുടെ വിരഹമൗനം
അക്ഷരങ്ങൾക്കിടയിൽ ഒളിക്കുകയും
ആകാശക്കീറുകൾക്കിടയിലൂടെ ഊർന്നു വീഴുന്ന നക്ഷത്രങ്ങൾ
വായന തടസപ്പെടുത്തുകയും ചെയ്യും
നിന്നെ എഴുതുമ്പോഴെല്ലാം
തോർന്നു തീരാത്തൊരു വേനലിൽ
വിള്ളൽ പ്രത്യക്ഷപ്പെടുകയും
ആരുമറിയാത്തൊരു നദി അതിലൂടെ ഒഴുകിപ്പരക്കുകയും ചെയ്യും
നിന്നെ വരയ്ക്കുമ്പോഴെല്ലാം
രണ്ട് കരകൾക്കിടയിൽ വീർപ്പു മുട്ടുന്ന തിരകൾക്ക്
നിറം പോരാതെ വരികയും
പടിക്കലോളം വന്നു പെയ്യാതെ തിരിച്ചു പോയ മഴമേഘങ്ങൾക്ക്
കറുപ്പ് കൂടുകയും ചെയ്യും
അതിനാൽ ഞാനിപ്പോൾ വായിക്കാറില്ല
എഴുതാറില്ല
ഹൃദയമുറിവുകൾ തുന്നിക്കൂട്ടി
ചിത്രം വരച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പതിവ്.
റസീന കെ. പി